Sunday, November 17, 2013

കേരള പരിപ്രേക്ഷ്യ നയരേഖ 2030 - കേരള മുഖ്യമന്ത്രിക്കൊരു ഭീമഹർജി

ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടി അറിയുന്നതിനായി വർഷങ്ങളായി ഇന്റർനെറ്റ് വഴി അന്യോന്യം പരിചയപ്പെട്ടും കേരളത്തിന്റേയും മലയാളത്തിന്റേയും അഭിവൃദ്ധിക്കു സഹായിക്കുന്ന ആശയങ്ങൾ പങ്കുവെച്ചും ലോകത്തിന്റെ പലഭാഗങ്ങളിലുമായി ജീവിക്കുന്ന ഒരു സംഘം മലയാളികൾ കൂട്ടായി ആലോചിച്ചു തയ്യാറാക്കി അവതരിപ്പിക്കുന്ന ഭീമഹർജി:

സംസ്ഥാന ആസൂത്രണക്കമ്മീഷന്‍ തയ്യാറാക്കിയ 2030ലെ കേരളത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് എന്ന രേഖയുടെ കരടു പതിപ്പ് കേരള സർക്കാറിന്റെ ഔദ്യോഗിക പോർട്ടലിൽ കാണുകയുണ്ടായി. ഭാവിയിലേക്കുള്ള വികസനത്തിന്റെ ഒരു മാർഗ്ഗരേഖ എന്ന നിലയിൽ ഇത്തരമൊരു പരിപ്രേക്ഷ്യ ആസൂത്രണ രേഖ താങ്കളുടെ നേതൃത്വത്തിലുള്ള സർക്കാർ തയ്യാറാക്കാനും അവതരിപ്പിക്കാനും ശ്രമിക്കുന്നതു് സ്വാഗതാർഹമാണു്. നമ്മുടെ നാടിന്റെ വികസനത്തിനുവേണ്ടി, പൊതുജനങ്ങളെക്കൂടി പങ്കെടുപ്പിച്ചുകൊണ്ടു് ഇത്തരമൊരു പുതിയ ആസൂത്രണസമ്പ്രദായം കൂടി പരീക്ഷിച്ചുപ്രവർത്തിപ്പിക്കാൻ മുൻ‌കയ്യെടുക്കുന്ന ഈ ഗവണ്മെന്റ് തീർച്ചയായും അഭിനന്ദനമർഹിയ്ക്കുന്നു.

അതേ സമയം തന്നെ, ഇത്രമാത്രം വ്യാപ്തിയും ഗൗരവവുമുള്ള ഒരു വിഷയത്തിൽ സമൂഹത്തിലെ എല്ലാ തുറകളിൽനിന്നുമുള്ള പൊതുജനങ്ങൾക്ക് വ്യാപകമായി ഇടപെടുന്നതിനും സക്രിയമായി ആശയങ്ങൾ പരസ്പരം പങ്കുവെച്ചും ചർച്ച ചെയ്തും അഭിപ്രായരൂപീകരണം നടത്തുന്നതിനും ഇപ്പോൾ അനുവദിച്ചിരുന്ന സമയം (2013 ഒക്ടോബർ 21 മുതൽ നവംബർ 8 വരെ) വളരെ പരിമിതമാണെന്ന് അറിയിക്കട്ടെ.

കേരളത്തിനകത്തും പുറത്തും വിവിധ മണ്ഡലങ്ങളിൽ ജോലിചെയ്തും വിവിധ സാഹചര്യങ്ങളിൽ ജീവിച്ചും കേരളത്തിന്റെ സാമ്പത്തികവും സാമൂഹ്യവുമായ പുരോഗതിയിൽ ഗണ്യമായ സംഭാവനകൾ നൽകിക്കൊണ്ടിരിക്കുന്ന മലയാളികളില്‍ ഒട്ടനവധി വിദഗ്ദ്ധരും പരിചയസമ്പന്നരും ഉണ്ടെന്നു് അങ്ങേയ്ക്കറിവുള്ളതാണല്ലോ. നമ്മുടെ നാടിനെ സംബന്ധിക്കുന്ന ആരോഗ്യം, ഗതാഗതം, വിദ്യാഭ്യാസം, വ്യവസായം, പരിസ്ഥിതി, മാലിന്യനിർമ്മാർജ്ജനം, കൃഷി, വാണിജ്യം, ബാങ്കിങ്ങ്, വിവരസാങ്കേതികവിദ്യ തുടങ്ങി മിക്കവാറും വിഷയങ്ങളിലും ആഗോളനിലവാരത്തിൽ തന്നെ പ്രാഗത്ഭ്യം നേടിയ ആയിരക്കണക്കിനു് മലയാളികൾ ലോകത്തെമ്പാടുമായി പ്രവർത്തിക്കുന്നുണ്ടെന്നും അങ്ങ് ബോധവാനാണു്. ഞങ്ങൾ ഉൾപ്പെടുന്ന കേരളസമൂഹത്തിന്റെ അത്തരമൊരു പരിച്ഛേദം തന്നെ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾക്കൊന്നും അവകാശപ്പെടാൻ കഴിയാത്തത്ര വിപുലവും അസാധാരണവുമാണു്.
കേരളത്തിന്റെ ഭരണകൂടം ഇപ്പോൾ തയ്യാറാക്കിക്കൊണ്ടിരിക്കുന്ന വികസനമാർഗ്ഗരേഖയിൽ സജീവമായി പങ്കെടുത്തുകൊണ്ടു് ഞങ്ങൾക്ക് ഈ പരിപ്രേക്ഷ്യത്തിനായി വളരെയേറെ നൂതനവും പുരോന്മുഖവുമായ സംഭാവനകൾ നൽകുവാൻ സാധിയ്ക്കും. അത്തരമൊരു അവസരവും സാവകാശവും ഒരുക്കിത്തരേണ്ടതു് താങ്കളുടെ കർത്തവ്യമാണെന്നു് ഞങ്ങൾ ഒന്നടങ്കം ആത്മാർത്ഥമായി വിശ്വസിക്കുന്നു. പ്രസ്തുത വിഷയത്തെക്കുറിച്ച് ഇന്റർനെറ്റിൽ സ്ഥിരമായി ഇടപെടുന്ന മലയാളികൾ പല ഇടങ്ങളിലായി ഇപ്പോൾ ചർച്ച നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. എന്നാല്‍ ഇത്രയും ഗൗരവമുള്ള ഈ രേഖ പൊതുജനങ്ങള്‍ക്കിടയില്‍ പ്രചാരമാർജ്ജിച്ച ഒരു ചര്‍ച്ചയാക്കി മാറ്റുന്നതിനു് സര്‍ക്കാര്‍ തലത്തില്‍ നിന്ന് വേണ്ടത്ര മുൻ‌കൈയെടുത്തിട്ടില്ല എന്നാണു് ഞങ്ങളുടെ അഭിപ്രായം.

നിര്‍ദ്ദേശങ്ങള്‍ക്കായി അനുവദിച്ച സമയം തീര്‍ന്നതിനുശേഷമാണ് പൊതുജനങ്ങളിൽ ഭൂരിപക്ഷവും ഈ രേഖ കാണുന്നതു തന്നെ. ദീർഘകാലപ്രത്യാഘാതങ്ങളുള്ള ഇത്തരമൊരു വിഷയത്തിൽ ചർച്ചകൾ സംഘടിപ്പിയ്ക്കുവാനും അതിലേക്കായി ആശയരൂപീകരണം നടത്തുവാനും അത് യഥാവിധി രേഖപ്പെടുത്തുന്നതിനും അനുവദിച്ചിരുന്ന വെറും പത്തൊമ്പതു ദിവസത്തെ കാലാവധി വളരെ പരിമിതമായിരുന്നുവെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. കൂടുതല്‍ സമയം ലഭ്യമായിരുന്നെങ്കില്‍ ഞങ്ങളുൾപ്പെടുന്ന ജനസാമാന്യത്തിന് സാങ്കേതികമായും പ്രായോഗികമായും കൂടുതല്‍ ആഴത്തില്‍ വിഷയങ്ങള്‍ പഠിച്ച് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സാധിക്കുമായിരുന്നു. കൂടാതെ, ഇപ്പോഴുള്ള National Council of Applied Economic Research(NCAER) തയ്യാറാക്കിയ കരടുരേഖയിൽ സാംസ്കാരികം പോലുള്ള പല സുപ്രധാനവിഷയങ്ങളും വിട്ടുപോയിട്ടുമുണ്ട് .

ആയതിനാൽ താഴെപ്പറയുന്ന ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിച്ചു് അനുകൂലമായ തീരുമാനങ്ങൾ കൈക്കൊള്ളണമെന്നു് താങ്കളോട് വിനീതമായി അഭ്യർത്ഥിക്കുന്നു:
1.മേൽ‌പ്പറഞ്ഞ രേഖ വിശദമായി പഠിയ്ക്കുവാനും, അതിന്റെ ചർച്ചകൾക്കും ആശയരൂപീകരണത്തിനും, അത് രേഖപ്പെടുത്തുന്നതിനും വേണ്ടി കൂടുതൽ സമയം ദയവായി അനുവദിയ്ക്കണം. പെട്ടെന്നുള്ള ഒരു വായനയിൽ തന്നെ ഞങ്ങൾക്കു് പൊതുവേ തോന്നിയിട്ടുള്ളതു് ചില വിഷയങ്ങളിലെ നയരേഖകള്‍ കൂടുതല്‍ മെച്ചപ്പെടുത്തേണ്ടതുണ്ട് എന്നാണ്. ഇരുപതു വർഷം കൊണ്ടു് സംഭവിക്കാവുന്ന ശാസ്ത്രസാങ്കേതികപുരോഗതികളും വിഭവലഭ്യതയിലെ മാറ്റങ്ങളും കൂടി ഇത്തരമൊരു മാർഗ്ഗനിർദ്ദേശകരേഖയിൽ കണക്കിലെടുക്കേണ്ടതുണ്ടു്. ഇത്രയും ദീർഘദർശനം ആവശ്യമുള്ള ഒരു വികസനപരിപ്രേക്ഷ്യം ഉണ്ടാക്കുമ്പോൾ കുറഞ്ഞത് ആറു മാസത്തെ സമയമെങ്കിലും അഭിപ്രായരൂപീകരണത്തിനും പൊതു ചർച്ചകൾക്കും വേണ്ടി നൽകേണ്ടതാണ്. ആ സാവകാശം അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങളും നിർദ്ദേശങ്ങളും താങ്കളുടെ ഭാഗത്തുനിന്നുമുണ്ടാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു

2.പൊതുവേ സാക്ഷരരും സാമൂഹ്യപ്രബുദ്ധരുമാണെങ്കിലും ഭൂരിഭാഗം മലയാളികൾക്കും അനായാസമായി പഠിച്ചെടുക്കാനും പ്രതികരിക്കാനും മാതൃഭാഷ തന്നെയാണു് അഭികാമ്യമെന്നതു് സർക്കാരിനു് ബോദ്ധ്യമുള്ളതാണല്ലോ. എന്നാൽ പ്രസ്തുതരേഖ ഇപ്പോൾ ഇംഗ്ലീഷിൽ മാത്രമാണ് ലഭ്യമായിരിയ്ക്കുന്നത്. അതുകൊണ്ടു് എല്ലാ വിഭാഗം ജനങ്ങൾക്കും പൂർണ്ണമായും മനസ്സിലാക്കാൻ തക്ക വിധത്തിൽ ഈ കരടു രേഖ ഭരണഭാഷയായ മലയാളത്തിലേക്കുകൂടി അടിയന്തിരമായി പരിഭാഷപ്പെടുത്തേണ്ടതാണ്.

3.ജനങ്ങളുടെ ഭാഷാപരിചയത്തിനനുസൃതമായി മലയാളത്തിലും ഇംഗ്ലീഷിലും തദ്ദേശഭാഷകളിലും ചർച്ചയിൽ പങ്കെടുക്കാനുള്ള അവസരം സൃഷ്ടിക്കുക.

4.ആളുകൾക്കു് നിർദ്ദേശങ്ങൾ സമർപ്പിക്കുവാനും ആ നിർദ്ദേശങ്ങൾ പരസ്പരം ചർച്ച ചെയ്യാനും ഉതകുന്ന വിധത്തിൽ തുറസ്സായി ഒരു ഇന്റർനെറ്റ് വെബ് സംവിധാനം ലഭ്യമാക്കുക. അനൌദ്യോഗിക തലത്തിൽ അത്തരമൊരു പോർട്ടൽ സൃഷ്ടിക്കുവാനും പരിപാലിക്കാനും ഞങ്ങൾക്കുതന്നെ കഴിയുമെങ്കിലും ഓരോരുത്തരുടേയും ആശയങ്ങളും സംഭാവനകളും അഭിപ്രായങ്ങളും പ്രതികരണങ്ങളും ഉത്തരവാദിത്തത്തോടെ അവതരിപ്പിക്കാൻ കഴിയുന്നതും അവയെല്ലാം പരസ്യമായിത്തന്നെ തത്സമയം ദൃശ്യമാകുന്ന വിധത്തിലുമുള്ള ഒരു സംവിധാനം സർക്കാർ തലത്തിൽ തന്നെ, ഔദ്യോഗികമായ ഉത്തരവാദിത്തത്തോടെ സജ്ജമാക്കുക. (വിക്കിപീഡിയയും മറ്റും പ്രവർത്തിക്കുന്ന മീഡിയാവിക്കി എന്ന സൌജന്യസോഫ്റ്റ്‌വെയർ അടിസ്ഥാനമാക്കി ഇത്തരമൊരു സംവിധാനം എളുപ്പത്തിൽ ഒരുക്കാവുന്നതാണു്).

5.കേരളത്തിലെമ്പാടുമുള്ള പൊതുജനങ്ങൾക്ക് വ്യാപകമായ അഭിപ്രായസമന്വയം ഉണ്ടാക്കുവാനും അവരുടെ കൂടി സജീവമായ പങ്കാളിത്തത്തോടെ ആശയങ്ങൾ ക്രോഡീകരിക്കുന്നതിനുമായി തിരുവിതാംകൂർ, കൊച്ചി, മലബാർ മേഖലകൾ കേന്ദ്രീകരിച്ചു പൊതുവായും സംസ്ഥാനതലത്തിൽ ഓരോ വിഷയത്തിലും അധിഷ്ഠിതമായും യുക്തമായ വിധത്തിൽ ചർച്ചാവേദികൾ ലഭ്യമാക്കേണ്ടതു് അത്യാവശ്യമാണ്. അവയുടെ സജ്ജീകരണത്തിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾ സർക്കാർ തലത്തിൽ അടിയന്തിരമായി തുടങ്ങിവെക്കുക.

6.ഇത്തരം ചർച്ചകളുടെ ഓരോ ഘട്ടത്തിലും അതാതുവകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരും തലവന്മാരും നിരന്തരമായി പ്രതികരിക്കുകയും നിർദ്ദേശങ്ങളുടെ പ്രയോഗസാദ്ധ്യതയെപ്പറ്റി സമയബന്ധിതമായി മറുപടി പറയുകയും ചെയ്യുക. ഓൺലൈൻ മാദ്ധ്യമങ്ങളുടെ പുതിയ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തി തങ്ങളുടെ സജീവമായ ഉടനടി ഇടപെടലുകളിലൂടെ ഉദ്യോഗസ്ഥന്മാർക്ക് ഈ ചുമതല വളരെയെളുപ്പത്തിൽ നിർവഹിയ്ക്കാവുന്നതേയുള്ളൂ. സക്രിയമായ ഇടപെടലുകളിലൂടെ ഇതിലെ ചർച്ചകളെ നേർദിശയിൽ മാർഗ്ഗനിർദ്ദേശം ചെയ്യുവാനും പ്രായോഗികപ്രശ്നങ്ങളും മറ്റും അതാതിടത്തു് തക്ക സന്ദർഭങ്ങളിൽതന്നെ തിരുത്തുവാനും ഭരണമേധാവികൾക്കും ഇങ്ങനെ അവസരം ലഭിക്കുന്നതാണു്.

7.ഇപ്പോൾ തയ്യാറാക്കപ്പെട്ടിട്ടുള്ള കരടുരേഖയിൽ പരാമർശിക്കാൻ വിട്ടുപോയ മറ്റു സുപ്രധാന വിഷയങ്ങൾ കൂടി കണ്ടെത്തി അവയും ഉൾപ്പെടുത്തി രേഖയുടെ ഉള്ളടക്കം കൂടുതൽ സമഗ്രമാക്കുന്നതിനും ആ വിഷയങ്ങളിലും ചർച്ചകൾ സംഘടിപ്പിയ്ക്കുന്നതിനും വേണ്ടുന്ന നടപടികൾ കൈക്കൊള്ളുക.

മേൽ ഉന്നയിച്ച ആവശ്യങ്ങളിൽ താങ്കളുടെ ഭാഗത്തുനിന്നും ആസൂത്രണബോര്‍ഡില്‍നിന്നും അനുകൂലമായ ഒരു തീരുമാനം എത്രയും പെട്ടെന്നുണ്ടാകുമെന്ന് ഞങ്ങൾ ആത്മാർത്ഥമായി പ്രതീക്ഷിക്കുന്നു.
കൃതജ്ഞതയോടെ,

കേരളസംസ്ഥാനത്തിന്റേയും രാഷ്ട്രത്തിന്റേയും സർവ്വവിധേനയുമുള്ള അഭിവൃദ്ധിയിൽ ആകാംക്ഷയും പ്രതീക്ഷയുമുള്ള ഒരു സംഘം പൌരാവലി.
2013 നവംബർ 17

നിവേദനം നൽകുന്നവരുടെ പേരുവിവരങ്ങൾ  | താങ്കളുടെ ഒപ്പ് കമന്റായി ഇവിടെ പോസ്റ്റ് ചെയ്യുക